തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് ആൾമാറാട്ടത്തിന് ശ്രമം നടത്തിയ
സംഭവത്തിൽ പ്രതികളായ സഹോദരന്മാർ കോടതിയിൽ കീഴടങ്ങി. നേമം ശാന്തിവിള
സ്വദേശികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് അഡീഷണൽ സിജെഎം
കോടതിയിൽ കീഴടങ്ങിയത്. ജ്യേഷ്ഠനായ അമൽജിത്തിന് വേണ്ടി അഖിൽജിത്ത് ആണ്
പരീക്ഷ എഴുതാൻ എത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അഖിൽജിത്ത്
ഹാളിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ച പൂജപ്പുര ചിന്നമ്മ
മെമ്മോറിയൽ ഗേൾസ് സ്കൂളിലെ ആറാം നമ്പർ മുറിയിൽ നടന്ന പരീക്ഷയ്ക്കിടെയാണ്
സംഭവം. രാവിലെ 7:15 മുതൽ 9:15വരെ നടക്കുന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ്
സെർവൻ്റ്സ് പരീക്ഷ എഴുതാൻ അമൽജിത്തിന് വേണ്ടി അഖിൽജിത്ത്
എത്തുകയായിരുന്നു.ബയോമെട്രിക് പരിശോധന നടക്കുന്നതിനിടെ അഖിൽജിത്ത്
ഹാളിൽനിന്ന് ഇറങ്ങിയോടി റോഡിലെത്തി ബൈക്കിൽ കാത്തുനിന്ന
അമൽജിത്തിനൊപ്പം കയറിപ്പോകുകയായിരുന്നു. പിഎസ്സി ജീവനക്കാർ പിന്നാലെ
ഓടിയെങ്കിലും ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിഎസ്സി അധികൃതർ നൽകിയ
പരാതിയിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.