തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിലേക്ക് എത്തുന്ന കെ ബി ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ കൂടി നൽകണമെന്ന് പാർട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ആൻ്റണി രാജു മന്ത്രിസ്ഥാനം രാജിവെച്ചതോടെ ഗതാഗത വകുപ്പാകും ഗണേഷിന് ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പമാണ് സിനിമാ വകുപ്പ് കൂടി കേരളാ കോൺഗ്രസ് ബി ആവശ്യപ്പെടുന്നത്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിൽ ഗണേഷ് അറിയിച്ചു. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഡിസംബർ 29 വെള്ളിയാഴ്ച പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് കേരളാ കോൺഗ്രസ് ബി പുതിയ ആവശ്യം മുന്നോട്ട് വെച്ചത്. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പ് കൂടി ഏറ്റെടുക്കാൻ ഗണേഷ് താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിരുന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനമുണ്ടായപ്പോൾ തന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.ഗതാഗത വകുപ്പാണോയെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്നാണ് ഗണേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഗതാഗത വകുപ്പാണെങ്കിൽ വകുപ്പ് മെച്ചപ്പെടുത്താൽ ചില ആശയങ്ങളുണ്ട്. കെഎസ്ആർടിസിയെ പെട്ടെന്ന് ലാഭത്തിലാക്കാമെന്ന മണ്ടത്തരമൊന്നും പറയുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനും നഷ്ടം കുറയ്ക്കാനും ശ്രമിക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നു.