ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാമാർഗിലെ സർക്കാർ ആശുപത്രിയിൽനിന്ന് ശ്രീനഗറിൽ എത്തിച്ച ശേഷമാകും പോസ്റ്റുമോർട്ടം ആരംഭിക്കുക. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് എം മഹാദേവ് (25), അരുൺ കെ കറുപ്പുസ്വാമി (26), രാജേഷ് കെ കൃഷ്ണൻ (30) എന്നിവർ പരിക്കേറ്റു. മനോജിൻ്റെ പരിക്ക് ഗുരുതരമാണ്.നാല് മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ശേഷിച്ച നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരാൾ ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെയും മൃതദേഹം ഇന്ന് രാവിലെതന്നെ ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെത്തിക്കും. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾ കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.