സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിൽനിന്ന് ഇന്ന് പുലർച്ചെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. നാലാം പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ അതിക്രമം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്ത മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അക്രമത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയടക്കം പ്രതികളാക്കി കൻ്റോൺമെൻ്റ് പോലീസ് കേസെടുക്കുകയായിരുന്നു.കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് ഒന്നാം പ്രതി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ രണ്ടാം പ്രതിയും കോവളം എംഎൽഎ എം വിൻസൻ്റ് മൂന്നാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന 500 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തരെ പ്രതിചേർത്തിട്ടുണ്ട്. ആദ്യം അറസ്റ്റിലാകുന്ന നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ 24 ഓളം പ്രവർത്തകർ അറസ്റ്റിലായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത രാഹുൽ മാങ്കൂട്ടത്തിലെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. ഇതിനുശേഷം വിശദമായി ചോദ്യംചെയ്യാനാണ് പോലീസിൻ്റെ നീക്കം.