Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പട്ടാമ്പിയില്‍ യുവാവ് വെട്ടേറ്റുമരിച്ചു

പാലക്കാട് : കരിമ്പനക്കടവിൽ യുവാവ് വെട്ടേറ്റ് മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാറാണ്‌ (25) മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം. കഴുത്തിൽ വെട്ടേറ്റ നിലയിൽ ഇയാൾ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാഹനത്തിൽ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃത്താല പോലീസെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തി.

തൃത്താല കരിമ്പനക്കടവിൽ സർക്കാർ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയിൽ ഒരു കാറും കണ്ടെത്തി.

കാറിൽ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്. അതേസമയം, വാഹനത്തിൽ എത്തിയ ചിലർ ചേർന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനുമുൻപ് ഇയാൾ മൊഴി നൽകിയതായി പറയുന്നു.

സംഭവം അറിഞ്ഞതോടെ സ്വകാര്യ ആശുപത്രി വളപ്പിലേക്ക് വൻ ജനക്കൂട്ടം എത്തി. ഷൊർണൂർ ഡിവൈ.എസ്.പി അടക്കമുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. സ്‌ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അൻസാർ.

ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇത്തരം കാര്യങ്ങളറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.