
ഭുവനേശ്വർ: ഭർത്താവ് മരിച്ച വേദനയിൽ ഒരു യുവതി ജീവനൊടുക്കുന്നു, തൊട്ടുപിന്നാലെ മരിച്ചത് മറ്റൊരാളായിരുന്നെന്ന തിരുത്തലുമായി ആശുപത്രി രംഗത്തുവരുന്നു, കേൾക്കുമ്പോൾ സിനിമാക്കഥയെന്ന് തോന്നുന്നുണ്ടോ?, പക്ഷേ സിനിമാക്കഥയല്ല, നടന്നതാണ്. നമ്മുടെ രാജ്യത്ത് തന്നെ. ഒഡീഷയിലെ ഭൂവനേശ്വറിൽ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറുന്നത്. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് എസി ടെക്നീഷ്യൻമാർക്കാണ് പൊള്ളലേറ്റത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.പരിക്കേറ്റ നാല് ടെക്നീഷ്യനമാരിൽ ദിലീപ് സാമന്തരായ് എന്ന 34കാരനും ഉൾപ്പെട്ടിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടെന്ന് തെറ്റായ വിവരം കുടുംബത്തിന് ലഭിക്കുന്നത്. കത്തിക്കരിഞ്ഞ ഒരു മൃതദേഹവും ആശുപത്രി അധികൃതർ ദിലീപിന്‍റെ കുടുംബത്തിന് കൈമാറി. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് ഭർത്താവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ ഇയാളുടെ ഭാര്യ സോന (24) ജീവനൊടുക്കുന്നത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ദിലീപ് ചികിത്സയിലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ദീലീപിന്‍റെ സഹപ്രവർത്തകനായ ജ്യോതിരഞ്ജൻ മല്ലിക് എന്നയാളാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നത്. ഡിസംബർ 29നാണ് ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചൽ, ശ്രിതം എന്നീ ടെക്നീഷ്യന്മാർ ആശുപത്രിയിലെ എസിയുടെ ജോലിക്കായി എത്തുന്നത്. എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായതോടെ ഇവർക്കെല്ലാവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡിസംബർ 30നാണ് ജ്യോതിരഞ്ജൻ ചികിത്സയ്ക്കിടെ മരിക്കുന്നത്. എന്നാൽ ഇത് ദിലീപാണെന്നാണ് ആശുപത്രിയിൽ നിന്ന് പുറത്തുവന്ന റിപ്പോർട്ട്. ജനുവരി 3 ന് ശ്രീതാമും മരണത്തിന് കീഴടങ്ങി.