കോഴിക്കോട്: കക്കയത്ത് വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്നാണിത്. കൂടാതെ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടക്കുകയും ചെയ്തു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.പ്രദേശത്തെ കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്‍റെ പ്രത്യേക സംഘം ഇന്നെത്തും. ഇന്നലെ കക്കയം കെഎസ്ഇബി ഹൈഡല്‍ ടൂറിസം സെന്‍ററില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റിരുന്നു.എറണാകുളം ഇടപ്പള്ളി തോപ്പില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍ മരിയ (നാല്) എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു. കുടരഞ്ഞിയിലെ ബന്ധുവീട്ടില്‍ എറണാകുളം സ്വദേശികളായ ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ കക്കയം ടൂറിസ്റ്റ് കേന്ദ്രവും സന്ദര്‍ശിക്കാനുമെത്തിയിരുന്നു. ഇന്നലെ വൈകീട്ട് 3.40 നാണ് കാട്ടുപോത്ത് ആക്രമണമുണ്ടായത്.കക്കയം വനമേഖലയില്‍നിന്ന് ഇറങ്ങിയ കാട്ടുപോത്താണ് കുട്ടികളുടെ പാര്‍ക്കിലിരുന്ന വിനോദസഞ്ചാരികളെ ആക്രമിച്ചത്. മകളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷിക്കുന്നതിനിടെയാണ് നീതുവിന് കുത്തേറ്റത്. ആക്രമണത്തില്‍ യുവതിയുടെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി. തലയ്ക്ക് എട്ട് തുന്നലുകളുണ്ട്. ആന്‍ മരിയയുടെ മുഖത്ത് പരിക്കുണ്ട്. പരിക്കേറ്റവരെ കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.