തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ മുരളീധനുണ്ടായ വൻ പരാജയത്തിൻ്റെ ഞെട്ടലിലാണ് യുഡിഎഫും കോൺഗ്രസും. സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തിൽ താമര വിരിയിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. തൃശൂരിലെ വൻ പരാജയത്തിന് പിന്നാലെ പൊതുരംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചെന്ന കെ മുരളീധരൻ്റെ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്.രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിൽ കെ മുരളീധരനെ മത്സരിപ്പിച്ച് വിജയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് നീക്കം. വടകരയിലും നേമത്തും തൃശൂരിലുമടക്കം പാർട്ടി പറഞ്ഞയിടങ്ങളിലെല്ലാം മടിയില്ലാതെ മത്സരിച്ച മുതിർന്ന നേതാവാണ് മുരളീധരൻ. പാർട്ടിയുടെ നിർദേശം സ്വീകരിച്ച് മുന്നോട്ട് പോകുന്ന നേതാവ്. ഇതിനാൽ സുരക്ഷിതമായ ഒരു പദവി മുരളിക്ക് നൽകണമെന്ന വികാരം മറ്റ് നേതാക്കൾക്കിടയിലുമുണ്ട്.തൃശൂരിലെ കെ മുരളീധരൻ്റെ തോൽവിയോടെ പത്മജ വേണുഗോപാൽ പറഞ്ഞത് യാഥാർഥ്യമാകുന്ന സാഹചര്യമാണുള്ളത്. തൃശൂർ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ശേഷമാണ് പത്മജ ബിജെപിയിലെത്തിയത്.
തന്നെ തോൽപ്പിച്ചവർ തന്നെയാണ് ഇത്തവണ മുരളീധരനെയും കൂടെ നിന്ന് തോൽപ്പിച്ചതെന്ന് പത്മജ വ്യക്തമാക്കി കഴിഞ്ഞു. “നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിച്ചവർ തന്നെയാണ് കൂടെ നിന്ന് മുരളീധരനെയും പരാജയപ്പെടുത്തിയത്. കോൺഗ്രസ് വിടാനുള്ള എന്റെ തീരുമാനം തെറ്റിയില്ലെന്നതിൽ സന്തോഷമുണ്ട്. മുരളിയേട്ടന് ഞാൻ മുന്നറിയിപ്പ് നൽകിയതാണ്. ഒരു കാരണവശാലും തൃശൂരിലേക്ക് വരരുതെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു. കാലുവാരിയവരെ കാണാൻ വണ്ടിയെടുത്ത് ഡിസിസി ഓഫീസിലേക്ക് പോയാൽ മതി. അവരുടെയൊക്കെ പേരുകൾ അവിടെ എഴുതിവച്ചിട്ടിണ്ട്. പൊട്ടിക്കരഞ്ഞ് കൊണ്ട് തൃശൂരിൽ നിന്ന് പോകേണ്ടിവന്ന എൻ്റെ അവസ്ഥയാണ് അദ്ദേഹത്തിനുമുണ്ടായത്. കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ തന്നെ പറയട്ടെ” – എന്നുമായിരുന്നു പത്മജയുടെ പ്രതികരണം.