Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

Paytm പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനത്തുനിന്ന് വിജയ് ശേഖർ ശർമ രാജിവച്ചു

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിയെടുത്തതിന് പിന്നാലെ പേടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. എന്നാൽ, പേടിഎമ്മിന്റെ എം ഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേടിഎം ബാങ്ക് പുതിയ ചെയർമാനെ വൈകാതെ നിയമിക്കും.വിവിധ ചട്ടലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇടപാടുകൾ നിർത്തിവയ്ക്കാൻ ആർബിഐ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ നീക്കം. നോൺ എക്സിക്യൂട്ടീവ് ചെയർമാന് പിന്നാലെ ബോർഡ് മെമ്പർ സ്ഥാനത്തുനിന്നും വിജയ് ശർമ പടിയിറങ്ങി.സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, റിട്ട. ഐഎഎസ് ഓഫീസർ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, റിട്ട. ഐഎഎസ് രജനി ശേഖ്രി സിബൽ എന്നിവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചു.ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ ആർബിഐ അനുവദിച്ച സമയം. പിന്നീട് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ച് സമയപരിധി മാർച്ച് 15വരെ നീട്ടി. ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്.
റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് അന്വേഷണം.

Leave A Reply

Your email address will not be published.