ഇരിട്ടി: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവില്‍ വീണ്ടും കടുവയെ കണ്ടതായി അഭ്യൂഹം. റബ്ബര്‍ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് കടുവയെ കണ്ടത്. തുടര്‍ന്ന്, വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി. കൃഷിയിടത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കടുവയെ കണ്ടതായുള്ള അഭ്യൂഹം വരുന്നത്. രണ്ട് സ്ഥലങ്ങളില്‍ രണ്ട് പേരാണ് കടുവയെ കണ്ടതായി പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെ പാലത്തിന്‍കടവ് പള്ളി-കരി റോഡില്‍ വെച്ച് പ്രദേശവാസിയായ സിജോ കല്ലാനിയില്‍ എന്നയാളാണ് ആദ്യം കടുവയെ കാണുന്നത്. കടുവയുടെ മുന്നില്‍പ്പെട്ടതോടെ ഇയാള്‍ ഭയന്ന് ഒടുകയും വീണ് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമീപത്ത് തന്നെയുള്ള റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്തി വരുന്ന സുരേഷ് മാരാംവീട്ടില്‍ എന്നയാളും കടുവയെ കണ്ടതായി അറിയിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചിട്ടും കടുവ ഓടി മറഞ്ഞില്ലെന്നും ടാപ്പിങ് പാതിവഴിയില്‍ നിര്‍ത്തി വരികയായിരുന്നെന്നുമാണ് ഇയാള്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചത്. നേരത്തേയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞ് വനം വകുപ്പ് നേതൃത്വത്തില്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.