തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോൺ (19) എന്നിവരാണ് മരിച്ചത്.
ചെളിയിൽ പുതഞ്ഞ നിലയിലായിരുന്ന മൃതദേഹം.വെള്ളായണി കായലിലെ വവ്വാമൂലയിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം.
രണ്ട് ബൈക്കുകളിലായി നാലുപേരാണ് അവധി ആഘോഷിക്കാനായി കായലിൽ എത്തിയത്.
കുളിക്കാനിറങ്ങിയതിനിടെ മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു.നിലവിളികേട്ട് എത്തിയ നാട്ടുകാരും പിന്നാലെ എത്തിയ ഫയർ ഫോഴ്സും ചേർന്ന് ചെളിയിൽ താഴ്ന്ന വിദ്യാർഥികളെ കരയ്ക്കുകയറ്റിയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച മൂന്നുപേരും വിഴിഞ്ഞം നഗർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികളാണ്. മണൽ മാഫിയകൾ നിർമിച്ചിട്ട കുഴിയിൽ അകപ്പെട്ടാണ് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത്.