തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പി ഹണ്ടുമായി കേരള പോലീസ്. സോഷ്യൽമീഡിയയിൽ കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. 46 കേസുകൾ രജിസ്റ്ററും ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ഓപ്പറേഷൻ പി ഹണ്ടുമായി പോലീസ് റെയ്ഡ് നടത്തിയത്.പരിശോധനയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്.
കേരളത്തിൽ 14 ജില്ലകളിലുമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഇന്‍റർനെറ്റിൽ സെർച്ച് ചെയ്യുക, മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ഡൗൺലോഡ് ചെയ്ത്, സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവ കണ്ടെത്തുന്നതിനായാണ് പോലീസ് പരിശോധന നടത്തിയത്.