കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നും അദേഹം അറിയിച്ചു. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.മത്സ്യത്തൊഴിലാളി കുടുംബ മാണ് മരിച്ച മലപ്പുറം സ്വദേശി നൂഹിന്റേത്. ഭാര്യയും, 13, 11, 9 വയസ്സുള്ള മൂന്ന് പെൺകുട്ടികളും അടുങ്ങുന്നതാണ് നൂഹിന്റെ കുടുംബം. പതിനൊന്നു വർഷമായി പ്രവാസിയായി തുടരുന്ന നൂഹ് ഒരു ഹൃദ്രോഗിയായിരുന്നു, രണ്ടുതവണ അറ്റാക്ക് വന്നതാണ്. അവധിക്കു വന്ന് രണ്ടു മാസം മുൻപാണ് അദേഹം തിരിച്ചു പോയത്. വീട് നിർമ്മാണം ബാക്കിയാണ്, കടബാധ്യതയുണ്ട്. കുവൈറ്റിലുള്ള ജ്യേഷ്ഠനും, അളിയനുമാണ് വിവരം അറിഞ്ഞത്. നൂഹിന്റെ ഫോട്ടോ കാണിച്ച് അന്വേഷിച്ചപ്പോ മോർച്ചറിയിൽ ഉണ്ടെന്ന് അറിഞ്ഞു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വീട്ടുകാർ അറിഞ്ഞത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ആരംഭിച്ചു .പത്തനംതിട്ട ജില്ലയിൽ നിന്നും 4 പേരും കൊല്ലത്ത് 3, കാസർകോട്, മലപ്പുറം, കോട്ടയം ജില്ലകളിൽ 2 വീതവും, കണ്ണൂർ നിന്ന് ഒരാളുമാണ് ഇതുവരെ മരിച്ചത്. കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു–48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.