ഇരുപത്തിനാല് മലയാളികള്‍ ഉള്‍പ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്തിലെ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അധികൃതര്‍. തീപിടിത്തമുണ്ടായ തെക്കന്‍ കുവൈറ്റിലെ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ കെട്ടിടത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം കുവൈറ്റ് ഫയര്‍ ഫോഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീപടര്‍ന്നായിരുന്നു അപകടം ഉണ്ടായത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇത് തള്ളുകയാണ് അധികൃതര്‍.
മലയാളി വ്യവസായി കെ ജി എബ്രഹാം പങ്കാളിയും മാനേജിങ് ഡയറക്ടറുമായിട്ടുള്ള എന്‍ബിടിസി ഗ്രൂപ്പ് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു അപകടം ഉണ്ടായത്. കേരളം, തമിഴ്നാട് എന്നിവയ്ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് താമസക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍, കെട്ടിട ഉടമ, കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്.