കൊച്ചി: കോടതി ഹാളിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബെഞ്ച് ക്ലാർക്കിന് 23 വർഷം കഠിനതടവും ഒന്നേമുക്കാൽ ലക്ഷംരൂപ പിഴയും ശിക്ഷിച്ചു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ബെഞ്ച് ക്ലാർക്കായിരുന്ന മറ്റൂർ അച്ചാണ്ടിവീട്ടിൽ മാർട്ടിനെയാണ് (53) പറവൂർ അഡീഷണൽ ജില്ലാകോടതി ശിക്ഷിച്ചത്. ഇതേ കോടതിയിലെ താൽക്കാലിക ജീവനക്കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.2016 ഫെബ്രുവരിയി 10 മുതൽ മേയ് 24 വരെയുള്ള കാലയളവിൽ കോടതിഹാൾ, ശൗചാലയം എന്നിവിടങ്ങളിൽ വച്ചായിരുന്നു ലൈംഗികപീഡനം. കൃത്യം നടന്നത് കോടതിയിലായതിനാലും പ്രതി കോടതിയുടെ ബെഞ്ച് ക്ലാർക്കായതും കേസിനെ ശ്രദ്ധേയമാക്കി.പ്രതിയുടെ പീഡനം കാരണം മാനസികനില തകരാറിലായ യുവതി ഭർത്താവിനോട് കാര്യംപറഞ്ഞു. ഭർത്താവ് യുവതിയെ കൗൺസലിംഗിന് വിധേയയാക്കിയശേഷം ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി ജി വിജയന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. നേരത്തെ വകുപ്പുതല അന്വേഷണം നടത്തി മാർട്ടിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.