Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഗുരുവായൂർ ആനക്കോട്ടയിൽ താര ഇനിയില്ല, വിടവാങ്ങിയത് കേശവനൊപ്പമുണ്ടായിരുന്ന പിടിയാന

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന താര ചരിഞ്ഞു. വൈകിട്ട് ഏഴുമണിയോടെ പുന്നത്തൂർ ആനക്കോട്ടയിൽവെച്ചാണ് അന്ത്യം. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസാണ് താരയ്ക്ക് പ്രായം. സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957ലാണ് ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും താരയ്ക്ക് നിയോഗം ലഭിച്ചിട്ടുണ്ട്.ഗുരുവായൂർ ദേവസ്വം ആനത്തറവാട്ടിലെ ഏറ്റവും പ്രായമേറിയ പിടിയാനയായിരുന്നു താര. ഗുരുവായൂർ കേശവൻ ഉള്ള കാലത്താണ് താര പുന്നത്തൂർ ആനക്കോട്ടയിൽ എത്തുന്നത്. 1957 മെയ് ഒൻപതിന് കമല സർക്കസ് ഉടമ കെ ദാമോദരൻ താരയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുകയായിരുന്നു. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ പ്രായമുണ്ടായിരുന്ന ഗജമുത്തശ്ശിയായിരുന്നു താര.അനേകം വർഷം ഗുരുവായൂരപ്പനെ സേവിക്കാൻ താരയ്ക്കായി. ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ താര പങ്കെടുക്കുമായിരുന്നു. മൂന്നുവർഷമായി വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ആനക്കോട്ടയുടെ പുറത്തേക്ക് താരയെ ഇറക്കിയിരുന്നില്ല. തറയിൽ പ്രത്യേകം കഴകെട്ടിയാണ് നിർത്തിയിരുന്നത്. രോഗം മൂർച്ഛിച്ചതോടെ ആനയ്ക്ക് ദേവസ്വം മികച്ച പരിചരണം നൽകിയിരുന്നു. ഗുരുവായൂരപ്പ സന്നിധിയിലെ സ്തുത്യർഹ സേവനത്തിന് ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിരുന്നു.

Leave A Reply

Your email address will not be published.