മാധ്യമ പ്രവർത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ബാബുരാജ്. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജിന്റെ പ്രതികരണം.
സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്.
ബാബുരാജിന്റെ പ്രതികരണം :
“കഷ്ടം എന്തൊരു അവസ്ഥ “… വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല … കണ്ടിട്ടില്ല ……ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത് …. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ”.
കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്.
തോളില്‍ കൈവെച്ച നടപടി ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി ക്ഷമ ചോദിച്ച് രംഗത്ത് വന്നു.
തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.