മലയാള സിനിമയിൽ മുത്തശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ അന്തരിച്ച ആർ സുബ്ബലക്ഷ്മി(87). കല്യാണരാമൻ, നന്ദനം, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കല്യാണരാമൻ എന്ന ചിത്രത്തിലെ വാർദ്ധക്യപ്രണയത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കൊപ്പം സുബ്ബലക്ഷ്മിയ്ക്ക് കഴിഞ്ഞു. ഇതോടെയാണ് സുബ്ബലക്ഷ്മിയെ തേടി നിരവധി അവസരങ്ങൾ ലഭിക്കുന്നത്.സംഗീതജ്ഞയായാണ് ആർ സുബ്ബലക്ഷ്‍മി കലാ രംഗത്തേക്ക് എത്തിയത്. പിന്നീട് സിനിമയിലും ടെലിവിഷൻ പരിപാടികളിലും സജീവമാകുകയായിരുന്നു. ജവഹര്‍ ബാലഭവനില്‍ നൃത്ത അധ്യാപികയായും സുബ്ബലക്ഷ്‍മി പ്രവർത്തിച്ചിട്ടുണ്ട്. 1951 മുതൽ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവർത്തിച്ചിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംപോസറായിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആയിരുന്നു സുബ്ബലക്ഷ്മി സിനിമയിൽ അരങ്ങേറിയത്. വേശാമണി അമ്മാൾ എന്ന മുത്തശി കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. കല്യാണരാമനിൽ കാർത്യായനി എന്ന മുത്തശി കഥാപാത്രവും സുബ്ബലക്ഷ്മിയുടെ കരിയറിലെ തിളക്കമാർന്ന ഒന്നായിരുന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ച കഥാപാത്രവുമായുള്ള വാർദ്ധക്യ പ്രണയം കല്യാണരാമനിൽ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.പിന്നീട് രാപ്പകൽ എന്ന മമ്മൂട്ടി ചിത്രത്തിലും സുബ്ബലക്ഷ്മി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പാണ്ടിപ്പട, തിളക്കം, സിഐഡി മൂസ തുടങ്ങി എഴുപതോളം മലയാള സിനിമകളിൽ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ അറുപത്തിയഞ്ചോളം സീരിയലുകളിലും പതിന്നാലോളം പരസ്യചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.