Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റ്: എ കെ ആന്റണി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാൻ പഠിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞു. അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം. പത്തനംതിട്ടയിൽ അനിൽ ആന്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ആന്റണി നടത്തിയത്. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂർവികന്മാർ. ചരിത്രത്തെ മറന്നു മുന്നോട്ടുപോയാൽ ജനങ്ങൾ മാപ്പു നൽകില്ല. കേരളത്തിൽ അരിയാഹാരം കഴിക്കുന്ന മലയാളികൾ മുഖ്യമന്ത്രിയുടെ പാർട്ടിയെ ഏപ്രിൽ 26ന് നിരാകരിക്കും. ഈസ്റ്ററിനും വിഷവിനും മലയാളികൾ പട്ടിണിയിലാണ്. മലയോര ജനതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കേരളത്തിൽ മാത്രമേ കാടുകൾ ഉള്ളോ. മറ്റു സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണം കേൾക്കാൻ ഇല്ലല്ലോ. മലയോര കർഷകർ എവിടെയെങ്കിലും ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് സർക്കാരിന് ഉണ്ടോ എന്ന് സംശയം ഉണ്ട്.
ജീവിക്കാൻ ഗതിയില്ലാതെ കാശിനു വേണ്ടി റഷ്യയിൽ യുദ്ധം ചെയ്യാൻ പോലും മലയാളികൾ പോകുന്നു. കേരളത്തിൽ ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ ചിന്തിക്കുന്നു. ചെറുപ്പക്കാരുടെ ഒഴുക്ക് വിദേശത്തേക്ക് ഉണ്ടായിട്ട് മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. കേരളം അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന ഇടമായി മാത്രം മാറിയേക്കും. ജനങ്ങൾ കഷ്ടപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുന്നു. ഇടതുപക്ഷത്തിന് തുടർഭരണം നൽകിയതാണ് ഏറ്റവും വലിയ ദുരന്തം.തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും പാനൂരിൽ ബോംബ് ഉണ്ടാക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം നീതി, അല്ലാത്തവർക്ക് നീതിയില്ല. മോദി പിണറായി സർക്കാരുകൾക്കെതിരായ വിധിയാകണം തിരഞ്ഞെടുപ്പ് ഫലം എന്നും എ കെ ആന്റണി പറഞ്ഞു.

Leave A Reply

Your email address will not be published.