Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കുഞ്ഞ് ജനിച്ച അന്നുമുതൽ ഷാനിഫ് കൊല്ലാൻ പദ്ധതിയിട്ടു’; കുട്ടിയുടെ അമ്മയും പങ്കാളിയും അറസ്റ്റിൽ, കോടതിയിൽ ഹാജരാക്കും

കൊച്ചി: എറണാകുളം എളമക്കരയിൽ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെയും സുഹ്യത്ത് ഷാനിഫിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതിയും പങ്കാളി ഷാനിഫും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും ജനിച്ച അന്നുമുതല്‍ ഷാനിഫ് കുഞ്ഞിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുഞ്ഞിന്റെ അമ്മയായ ആലപ്പുഴ സ്വദേശി അശ്വതിയുടെ സുഹൃത്ത് ഷാനിഫ് അതിക്രൂരമായാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.മൂന്നാം തീയതി പുലർച്ചെയാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഷാനിഫ് കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയത്. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചുനോക്കിയെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അബോധവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയിലെത്തി. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടറാണ് പോലീസില്‍ വിവരമറിയിച്ചത്.പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചു. കുഞ്ഞിന്റെ ദേഹത്ത് ചെറിയ പരിക്കുകള്‍ ഉണ്ടാക്കി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അശ്വതിയുടെയും ഷാനിഫിന്റെയും പദ്ധതി. എന്നാല്‍ അത് നടക്കാതെ വന്നതോടെ കൊച്ചിയിലെത്തി കുഞ്ഞിനെ കൊല്ലാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

Leave A Reply

Your email address will not be published.