Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കേരളവർമ്മയിൽ റീകൗണ്ടിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ ജയിച്ചു;

തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്ഐ വിജയിച്ചത്.എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിർപ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകർ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെഎസ്‌യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിംഗ് നിർത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തിൽ മാത്രം റീകൗണ്ടിംഗ് നടത്തിയാൽ മതിയെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ നിലപാടെടുത്തു. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവർ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ നിന്ന് മടങ്ങുകയും ചെയ്തു.അതേസമയം, കെഎസ്‌യു സ്ഥാനാർഥി ചെയർമാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.