
കായംകുളം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ
രക്ഷപ്പെട്ടത് 44 യാത്രക്കാർ. കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ
ബസിന് തീപിടിച്ചുണ്ടായ അപകടത്തിനു മുൻപേ ബസ് ജീവനക്കാർക്ക് യാത്രക്കാരെ
പൂർണമായും ഇറക്കാനായതാണ് വൻ ദുരന്തം ഒഴിവാക്കിയത്. കരുനാഗപ്പള്ളി
സ്വദേശികളായ ഡ്രൈവർ സജി, കണ്ടക്ടർ സുജിത്ത് എന്നിവരാണ് കൃത്യസമയം
ഇടപെട്ട് യാത്രക്കാരെ സുരക്ഷിതമാക്കിയത്.വെള്ളിയാഴ്ച രാവിലെ 9:30ന് കായംകുളം
എംഎസ്എം കോളേജിന് മുൻപിൽവെച്ചാണ് ഓടിക്കൊണ്ടിരുന്ന വെസ്റ്റിബ്യൂൾ ബസിന്
തീപിടിച്ചത്. കൊല്ലത്തെ കരനാഗപ്പള്ളിയിൽനിന്ന് എറണാകുളകത്തെ
തോപ്പുംപടിയിലേക്ക് പോകുകയായിരുന്നു ബസ്. ബസിൽനിന്ന് ശബ്ദവും കരിയുന്ന
മണവും വന്നതോടെ വാഹനം ഒതുക്കി ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ
പുറത്തിറക്കുകയായിരുന്നു.
കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
“സിഗ്നലിൽ നിർത്തിയ ശേഷം ബസ് എടുക്കുമ്പോൾ ചെറിയൊരു ശബ്ദം കേട്ടിരുന്നു.
തുടർന്ന് വാഹനം ഒതുക്കാൻ കൊണ്ടുവരുന്നതിനിടെ സൈലൻസറിൽനിന്ന് കറുത്ത
പുക കട്ടിക്ക് വരുന്നത് കണ്ണാടിയിലൂടെ കണ്ടു. പരമാവധി സൈഡിൽ ഒതുക്കിയ
ശേഷം യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. യാത്രക്കാരെ ഇറക്കിയ ശേഷം
എൻജിൻ കവർ തുറന്നപ്പോഴേക്കും കട്ടിയോടെ കറുത്ത പുക വന്നു. ബസിൽനിന്ന്
ഇറങ്ങിയ യാത്രക്കാരാണ് ബസിനു മുന്നിൽ ചെറിയ തീ കണ്ടത്. കൈയിലുണ്ടായിരുന്ന
കുപ്പിവെള്ളം ഉപയോഗിച്ചു തീകെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല”- ഡ്രൈവർ സജി
പറഞ്ഞു.