പത്തനംതിട്ട : ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 ന് തുറക്കും.
നാളെ (നവംബര്‍ 11) ആണ് ആട്ട ചിത്തിര. പൂജകൾ പൂർത്തിയാക്കി 11 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.
മണ്ഡകാല-മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. അന്ന് തന്നെ പുതിയ ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിയ്ക്കൽ ചടങ്ങും നടക്കും.
ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകൾ നടക്കുക.
നവംബർ 17ന് ആണ് വിശ്ചികം ഒന്ന്. അന്നേ ദിവസം അയ്യപ്പൻ്റെയും മാളികപ്പുറത്തമ്മയുടെയും തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും.
ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. അതേസമയം 27 ന് ആണ് മണ്ഡലപൂജ.
അന്ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന തിരുനട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം വീണ്ടും തുറക്കും. 2024 ജനുവരി 15ന് ആണ് മകരവിളക്ക്. ജനുവരി 19ന് രാവിലെ തിരുനട അടയ്ക്കുന്നതോടെ ഒരു തീർഥാടന കാലത്തിന് പരിസമാപ്‌തിയാകും.