മുണ്ടക്കയം: ശബരിമലയിലെ വൻ തിരക്കിനേത്തുടർന്ന് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധവുമായി അയ്യപ്പ ഭക്തർ. അതിന്റെ ഭാഗമായി എരുമേലി മുണ്ടക്കയം പാത ഉപരോധിച്ചു. ഇതര സംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായി എത്തിയത്. മുണ്ടക്കയം പുത്തൻ ചന്തയിൽ ആയിരുന്നു തീർത്ഥാടകരുടെ പ്രതിഷേധം. വാഹനങ്ങൾ തടഞ്ഞുവച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിട്ടാൽമതി എന്ന നിലപാടിലാണ് പോലീസ്. ഇതോടെ മുണ്ടക്കയം പുത്തൻ ചന്തയിൽ എരുമേലി പാതയിൽ പോലീസ് തീർത്ഥാടകരുടെ വാഹനങ്ങൾ തിങ്കളാഴ്ച പുലർച്ചെ മുതൽ തടഞ്ഞിട്ടു.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഇവർ ഉന്നയിച്ചത്. തങ്ങൾക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കുന്നില്ലെന്നും. ശുചിമുറി സൗകര്യം പോലും ലഭിക്കുന്നില്ലെന്നും
ശബരിമല ഭക്തർ പരാതിപ്പെട്ടു.
പാലാ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്. പാലാ – പൊൻകുന്നം പാതയിൽ 12-ാം മൈൽ മുതൽ പൂവരണി വരേയുള്ള ഭാഗത്തും ഇളംങ്കുളം മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്തുമാണ് വാഹനങ്ങൾ പിടിച്ചിട്ടിട്ടുള്ളത്. ഇതുകാരണം, വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഒരുവശത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ കുറച്ച് വണ്ടികളെ കയറ്റിവിട്ടിട്ടുണ്ട്.
പാലാ പൊൻകുന്നം റോഡിൽ പൂവരണി ക്ഷേത്രത്തിന് സമീപമാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. തുടർന്ന് വാഹനങ്ങൾ പാലാ വരെ കുടുങ്ങിക്കിടക്കുകയായിരുന്നു. മറ്റൊരു ഇടത്താവളമായ കൂരാലി ക്ഷേത്രത്തിന് സമീപവും വാഹനങ്ങൾ തടഞ്ഞു. ക്രിസ്മസ് ദിനമായതിനാൽ കടകൾ തുറക്കാത്തതും തിരിച്ചടിയായിട്ടുണ്ട്.