പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിടിച്ചെടുത്തു പോലീസിന്റെ തടവിലാക്കിയ റോബിൻ ബസ് പുറത്തിറക്കാനുള്ള നടപടികളുമായി ഉടമകൾ അധികൃതരെ സമീപിച്ചു. നിയമപ്രകാരം ബസ് പുറത്തിറക്കാനുള്ള ക്രമീകരങ്ങൾ ആരംഭിച്ചിട്ടുണ്ട്. പെർമിറ്റ് റദ്ദ് ചെയ്യാനും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുമാണ് അധികൃതർ നീക്കം നടത്തുന്നത്. എന്നാൽ പെർമിറ്റ് റദ്ദാക്കുക എളുപ്പമല്ലെന്നാണ് ഉടമ പറയുന്നത്.ഉടൻ ബസ് പുറത്തിറക്കും. ഇറക്കുക മാത്രമല്ല, 10 ദിവസത്തിനകം ചെങ്ങന്നൂർ – പമ്പ സർവീസ് ബോർഡ് വെച്ചുതന്നെ നടത്തുമെന്നും ഉടമ ബേബി ഗിരീഷ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കോയമ്പത്തൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് റാന്നിയിൽനിന്ന് പിന്തുടർന്ന് വന്ന് പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റേഷന് സമീപം വെച്ച് പിടിച്ചെടുത്ത് എആർ ക്യാംപ് പരിസരത്തേക്ക് മാറ്റിയത്.വീണ്ടും കോടതിയെ സമീപിക്കുമെന്നും ബസ് ഇറക്കുമെന്നും പമ്പയിലേക്ക് സർവീസ് തുടങ്ങുമെന്നും ബേബി ഗിരീഷ് പറയുന്നു. എന്നാൽ ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുമെന്നാണ് എംവിഡി പറയുന്നത്.