പത്തനംതിട്ട: പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ കോടതിയുടെ ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിനു പിന്നാലെയാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പിഴത്തുക അടച്ചതിനു ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണ് ബസ് നടത്തിപ്പുകാരൻ പാലാ ഇടമറുക് സ്വദേശി ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് ആരംഭിച്ചത് മുതൽ മോട്ടോർ വാഹന വകുപ്പും ബസ് നടത്തിപ്പുകാരും തമ്മിൽ നിയമയുദ്ധത്തിലാണ്. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരമാണ് സർവീസ് നടത്തുന്നതെന്നാണ് നടത്തിപ്പുകാരൻ പറയുന്നത്. എന്നാൽ ഓരോ ട്രിപ്പുമായി നിരത്തിൽ ഇറങ്ങുമ്പോഴും വിവിധ കാരങ്ങളാൽ എംവിഡിയും പോലീസും ചേർന്ന് ബസ് പിടികൂടുകയാണ്. കേരള മോട്ടോർ വാഹന വകുപ്പിന് പുറമേ, തമിഴ്നാടും വലിയ തുക പിഴ അടപ്പിക്കുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെയെല്ലാം സുപ്രീം കോടതി വരെ നേരിടുകയാണ് ബസ് നടത്തിപ്പുകാരൻ.