പത്തനംതിട്ട: റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട ബസ് രണ്ട് കിലോമീറ്റര്‍ പിന്നീട്ട് മൈലപ്രയില്‍ എത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം യാത്ര തുടരാന്‍ അനുവദിച്ചു.പെര്‍മിറ്റ് ലംഘനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിന്‍ ബസ് ഒരു മാസത്തിന് ശേഷമാണ് നിരത്തിലിറങ്ങുന്നത്. നിയമലംഘനം ഉണ്ടായാല്‍ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ അടുത്തമാസം വിധിയുണ്ടാകും.പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് കഴിഞ്ഞ ദിവസമാണ് വിട്ടുനല്‍കിയത്. പിഴ അടച്ചാല്‍ ബസ് വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിന് കേടുപാടുണ്ടാകുമോയെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. നിയമലംഘനത്തിന് ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയായിരുന്നു നടപടി.