Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പാലായിൽ സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞു; ഗർഭിണി അടക്കം 11 പേർക്ക് പരിക്ക്

പാലാ: കോട്ടയം പാലാ – ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. റോഡിൽ തെന്നി മാറിയ ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരു ഗർഭിണി അടക്കം 11 പേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടമുണ്ടായത്. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് മറിഞ്ഞത്.അപകടത്തിൽ ബസ് ഡ്രൈവറുടെ തലയ്ക്കും പരിക്കുണ്ട്. ബസ് മൂന്ന് തവണ മറിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്കും പെട്രോൾ പമ്പിനും സമീപമാണ് അപകടം ഉണ്ടായത്. മഴ പെയ്‌തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്.

സംഭവസമയത്ത് വഴിയിൽ വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും നിയന്ത്രണം കിട്ടാതെ വണ്ടി വഴിയിൽ വട്ടം കറങ്ങുവായിരുന്നുവെന്നും തുടർന്ന് മറിയുകയായിരന്നുവെന്നും ബസിന്റെ കണ്ടക്ടർ പ്രതികരിച്ചു. അപകടസമയത്ത് ബസിൽ ഒൻപതോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും. അപകടത്തിന്റെ ആഘാതത്തിൽ താൻ ബസിൽ നിന്നും തെറിച്ച് പുറത്തേക്ക് പോയിരുന്നുവെന്നും കണ്ടക്ടർ പറഞ്ഞു. ഡ്രൈവറുടെ കൈക്ക് പരിക്കുണ്ടെന്നും മറ്റാർക്കും തന്നെ സാരമായ പരിക്കുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.