
കണ്ണൂർ: പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ ശ്രദ്ധക്ക്! പിന്നിൽ നിന്ന് അടി കിട്ടാതെ സൂക്ഷിച്ചോ..! പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്ന ഞരമ്പനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾക്കാണ് പണികിട്ടിയത്. രണ്ടാഴ്ചയിലധികമായി സ്കൂട്ടറിലെത്തുന്ന ഞരമ്പൻ അടി തുടങ്ങിയിട്ട്. ഇതിനകം 10-ഓളം സ്ത്രീകൾക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്. രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ് നടക്കുന്നവരുടെ പിൻഭാഗത്ത് അടിച്ച് കടന്നു കളയുന്നതാണ് ഞരമ്പന്റെ പതിവ്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്കൂട്ടറിലെത്തി പിറകിൽനിന്ന് അടിച്ച ഉടനെ വേഗത്തിൽ ഓടിച്ചുപോവുകയാണ് ചെയ്യുന്നത്. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടർച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയാണ് സ്ത്രീകളെ അടിക്കുന്നത്.വെളിച്ചക്കുറവുകൊണ്ടും ഹെൽമറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അടിയേറ്റവർ പറയുന്നു. നിരവധി സ്ത്രീകൾ അടി പേടിച്ച് പ്രഭാതസവാരി തന്നെ നിർത്തി. രാത്രിയിലും അടി തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റു. റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ഫോൺ ചെയ്യുമ്പോൾ സ്കൂട്ടറിലെത്തി അടിക്കുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. അടി കിട്ടിയ സ്ത്രീകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.