ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്കായി സൗജന്യമായി വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിന്മേൽ സംസ്ഥാന സർക്കാരിന് നോട്ടീസ്. നേരത്തെ ഹൈക്കോടതി വിഎച്ച്പിയുടെ ഹരജി തള്ളിയിരുന്നു.
ഇങ്ങനെ സർവ്വീസുകൾ അനുവദിക്കാൻ കഴിയില്ലെന്നും, സർവ്വീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിലവിൽ പമ്പ റൂട്ടിൽ കെഎസ്ആർടിസിക്ക് മാത്രമാണ് സർവ്വീസ് നടത്താൻ അനുമതിയുള്ളത്. കെഎസ്ആർടിസിക്കൊപ്പം തങ്ങൾക്കും സർവ്വീസിനുള്ള അനുമതി ലഭിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.
നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള റൂട്ടിൽ സർവ്വീസ് നടത്താനാണ് വിശ്വ ഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നത്.
ഈ റൂട്ടിൽ ആവശ്യത്തിന് കെസ്ആർടിസി ബസ്സുകളില്ലെന്ന് സംഘടന വാദിക്കുന്നു. 20 ബസ്സുകൾ വാടകയ്ക്ക് എടുത്ത് സർവ്വീസ് നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. തീർത്ഥാടകർ 28 മണിക്കൂർ വരെ ക്യൂ നിന്നാണ് ബസ്സിൽ കയറുന്നതെന്നും ഹരജിക്കാർ ആരോപിക്കുന്നു.
ഈ വിഷയത്തിൽ ഒരു സത്യവാങ്മൂലം കൂടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നുമല്ലാതെ ആളെ എടുക്കില്ലെന്ന് സത്യവാങ്മൂലം നല്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.