പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ നീക്കവുമായി പൊലീസ്. രഹസ്യമൊഴിയെടുക്കുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രത്യേക അന്വേഷണത്ത സംഘത്തിന്റെ തലവൻ സാജു കെ എബ്രഹാമാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഗാർഹിക പീഡന കേസ് എടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ പി ഗോപാലിനെക്കുറിച്ച് ബ്ലൂ കോർണർ നോട്ടീസ് പ്രകാരമുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സിആർപിസി 164 ചട്ടപ്രപകാരം രഹസ്യമൊഴി രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറ്റാനാകില്ലെന്നാണ് കരുതുന്നത്. ഏത് മജിസ്ട്രേറ്റിന് മുൻപാകെ എപ്പോഴാണ് രഹസ്യമൊഴി നൽകുക എന്ന കാര്യങ്ങളിൽ ഉടൻ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവതിയുടെ രക്തസാമ്പിൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് നീക്കം നടത്തിയിരുന്നു.അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം രാഹുലിനെ ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോർണർ നോട്ടീസിന് ആയുള്ള അപേക്ഷ ഫറോക് എസിപി സാജു കെ എബ്രഹാം എഡിജിപിക്ക് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകും. നിലവിൽ രാഹുലിനെ കണ്ടെത്താനായി ലുക്ക് ഔട്ട് സർക്കുലറിന് പുറമേ ബ്ലൂ കോർണർ നോട്ടീസും നിലവിലുണ്ട്.