പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ. പ്രതി രാഹുലിനെ ജർമനിയിലേക്ക് രാജ്യം വിടാൻ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . കൂടാതെ ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. രാഹുലിനായി ദിവസങ്ങൾ നീണ്ട തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഒടുവിൽ പ്രതി രാജ്യം വിട്ടെന്ന കാര്യം സ്ഥിരീകരിച്ചത്. പ്രതിക്കായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് രാഹുൽ ജർമനിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.രാഹുലിന് രാജ്യം വിടാനുള്ള എല്ലാ പിന്തുണയും സഹായവും ചെയ്തത് രാജേഷാണെന്ന് പോലീസ് പറയുന്നു. ജർമ്മൻ പൗരത്വമുള്ളയാലാണ് പ്രതി രാഹുൽ. രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അന്വേഷണസംഘം അറിയിച്ചു. യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.