മംഗളൂരു: ഗോവയിലൊന്ന് കറങ്ങിവരാൻ പ്ലാനുണ്ടോ? ഗോവയിലേക്ക് അതിവേഗം എത്താൻ ഇനി മറ്റ് വഴികളൊന്നും തേടേണ്ട. കാത്തിരിപ്പിന് അവസാനമായി മംഗളൂരു – മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് സർവീസിനെത്തിയിരിക്കുകയാണ്. ഡിസംബർ 30 ശനിയാഴ്ചയാണ് ഗോവയിലേക്കുള്ള പുത്തൻ വന്ദേ ഭാരതിന്‍റെ ഉദ്ഘാടന സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോജിയാണ് പുത്തൻ സെമി ഹൈസ്പീഡ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. മംഗളൂരുവിൽനിന്നുള്ള ആദ്യ വന്ദേ ഭാരത് സർവീസാണിത്. മറ്റ് അഞ്ച് സർവീസുകൾക്കൊപ്പമാണ് മംഗളൂരു സവീസും ശനിയാഴ്ച ആരംഭിക്കുന്നത്.ഗോവയിലേക്ക് മഡ്ഗാവിലേക്കാണ് മംഗളൂരുവിൽനിന്നുള്ള വന്ദേ ഭാരത് സർവീസ്. മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. റെയിൽവേ അധികൃതർ സർവീസിന്‍റെ സമയക്രമം പുറത്തുവിട്ടിട്ടില്ലെങ്കിലും മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8:30നാകും ട്രെയിൻ യാത്ര ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 01:05ന് വന്ദേ ഭാരത് മഡ്ഗാവിലെത്തും. മടക്കയാത്ര മഡ്ഗാവിൽനിന്ന് വൈകീട്ട് 6:10ന് പുറപ്പെട്ട് രാത്രി 10:45ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാകും ക്രമീകരിക്കുക.