Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വന്ദേ ഭാരതല്ല, ഇത് അമൃത് ഭാരത് എക്സ്പ്രസ്; സാധാരണക്കാരനും ഇനി അതിവേഗ യാത്ര, റൂട്ടുകളായി; സ്ലീപ്പർ ട്രെയിനെക്കുറിച്ചറിയാം

ന്യൂഡൽഹി: സാധാരണക്കാരനും അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്ന അമൃത് ഭാരത് ട്രെയിനുകൾ ഈ ആഴ്ച സർവീസ് ആരംഭിക്കും. രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. അയോധ്യ – ദർഭംഗ റൂട്ടിലും, ബെംഗളൂരു – മാൾഡ റൂട്ടിലുമാണ് രണ്ട് ട്രെയിനുകൾ സർവീസ് നടത്തുക. 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പുഷ് പുൾ ട്രെയിൻ വന്ദേ ഭാരതിനോട് കിടപിടക്കുന്ന സൗകര്യങ്ങളോടെയാണ് ട്രാക്കിലിറങ്ങുന്നത്.നേരത്തെ വന്ദേ സാധാരൺ എന്നായിരുന്നു അമൃത് ഭാരത് എക്സ്പ്രസിനെ വിശേഷിപ്പിച്ചിരുന്നത്. ഓറഞ്ച്, ചാരനിറത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വന്ദേ ഭാരതിൽനിന്ന് വ്യത്യസ്തമായ നോൺ എസി ട്രെയിനാണ് അമൃത് ഭാരത്. ബുക്കിങ്ങില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്. 22 കോച്ചുകളിൽ 8 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകൾ രണ്ട് ഗാർഡ് കമ്പാർട്മെന്‍റ് എന്നിവയാണുള്ളത്.വന്ദേ ഭാരതുകൾ നിർമിച്ച ചെന്നൈയിൽ ഇന്‍റേഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്)യിൽ തന്നെയാണ് അമൃത് ഭാരത് എക്സ്പ്രസുകളും നിർമിച്ചിരിക്കുന്നത്. ഡിസംബർ 30ന് രണ്ട് അമൃത് ഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഉത്തർപ്രദേശിലെ അയോധ്യയിൽനിന്ന് ബിഹാറിലെ ദർഭംഗയിലേക്കാണ് ആദ്യ സർവീസ്. ശ്രീരാമന്‍റെ ജന്മഭൂമിയെന്നാണ് അയോധ്യ അറിയപ്പെടുന്നത്. സീതാദേവിയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമാണ് ദർഭംഗ.

രണ്ടാമത്തെ അമൃത് ഭാരത് എക്സ്പ്രസ് ദക്ഷിണേന്ത്യയിലാണ് സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽനിന്ന് മാൾഡയിലേക്കാകും ഇത്. സാധരണക്കാർക്കുള്ള സർവീസെന്ന വിശേഷണത്തോടെയാണ് റെയിൽവേ പുതിയ ട്രെയിൻ അവതരിപ്പിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൾ യാത്രികർക്ക് ട്രെയിനിൽ ലഭ്യമാകും. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർടാപ്പുകൾ എന്നിവ അമൃത് ഭാരത് എക്സ്പ്രസിൽ സജ്ജീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.