Malayalam Latest News

ലൈസൻസ് റദ്ദാക്കലും കേസും മാത്രമല്ല; സഞ്ജു ടെക്കിക്ക് എംവിഡി കൊടുത്തത് മുട്ടൻ പണി

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ ആറ് വകുപ്പുകൾ പ്രകാരം കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടരമായ ഡ്രൈവിം​ഗ്. സുരക്ഷിതമല്ലാത്ത വാഹനമോടിക്കൽ, റോഡ് സുരക്ഷ ലംഘനം തുടങ്ങിയ വകുപ്പകൾ ആണ് സഞ്ജുവിനെതിരെ ചുമത്തിയത്. സഞ്ജുവിനെ മലപ്പുറം എം വി ഡി കേന്ദ്രത്തിൽ പരിശീലനത്തിന് അയക്കാനും തീരുമാനമായി. ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനത്തിന് നിർദ്ദേശിക്കുകയും ചെയ്തതായി ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ പറഞ്ഞു.സഞ്ജുവിന്റെയും വാഹനം ഓടിച്ച ആളുടെയും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും വാഹനത്തിന്റെ ആർ സി റദ്ദാക്കുകയും ചെയ്തു. സഫാരി കാറിനകത്ത് വെള്ളം നിറച്ച് സ്വിമ്മിം​ഗ് പൂളാക്കി റോഡിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പിന്നാലെയാണ് നടപടി. സംഭവം വിവാ​ദമായതോടെ വാഹനം കൊല്ലത്തേക്ക് കടത്തിയിരുന്നു.ഇവിടെ നിന്നാണ് വാഹനം അധിക‍ൃതർ പിടിച്ചെടുത്തത്. മലപ്പുറം എടപ്പാളിലുള്ള എം വി ഡി കേന്ദ്രത്തിലേക്ക് എട്ട് ദിവസത്തെ പരിശീലനത്തിന് അയക്കുമെന്നാണ് ആർ ടി ഒ പറയുന്നത്. കൂടാതെ ട്രാഫിക് പരിശീനവും നൽകും. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി സഞ്ജു യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ പങ്കുവെച്ചിരുന്നു. വാ​ഹനത്തിൽ സ‍ഞ്ചരിച്ച് കൊണ്ട് കുളിക്കുന്നതും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമൊക്കെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. വാഹനം മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസമാണ് പിടിച്ചെടുത്ത്. അപകരമായ വിധത്തിലാണ് പൊതു നിരത്തിലൂടെ വാഹനം ഓടിച്ചിരുന്നത്.കാറിന്റെ പിൻഭാ​ഗത്തെ പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ച് മാറ്റിയാണ് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കയിത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കിയത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജവും കൂട്ടുകാരും വാഹനം ഓടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്. അതിനിടെ സ്വിമ്മിം​ഗ് പൂളിനുള്ളിലെ മർദ്ദം കൊണ്ട് എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുമുണ്ട്. യൂട്യൂബിൽ മത്സരം കൂടി വരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ച് ഉണ്ടാക്കാനാണ് ഈ വീഡിയോ എടുത്തത് എന്നാണ് സഞ്ജു പറഞ്ഞത്. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലുമൊക്കെയായി ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സഞ്ജുവിന് ഉള്ളത്. സഞ്ജു പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. ടെക്നോളജി, ലൈഫ് സ്റ്റൈൽ തുടങ്ങിയ വീഡിയോകളാണ് സ‍ഞ്ജു പങ്കുവെയ്ക്കാറുള്ളത്. അതേ സമയം ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ സഞ്ജുവിനെതിരെ വിമർശങ്ങൾ ഉയർന്നിരുന്നു.

Leave A Reply

Your email address will not be published.