തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികൾ കേൾക്കുകയാണ് സർക്കാർ. പ്രതിസന്ധി കാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും യാത്ര. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിക്കും. സര്‍ക്കാർ ചെലവിൽ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്ട്രീയ യാത്രകൾ കേരളം ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മന്ത്രിസഭാ ഒന്നടങ്കം നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇറങ്ങുന്ന സർക്കാർ പരിപാടി കേരള ചരിത്രത്തിൽ ഇതാദ്യമാണ്. എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിചെല്ലുക എന്ന വലിയ ലക്ഷ്യമാണ്. ഭരണത്തിന്‍റെ പൾസ് അറിയാൻ കേരളം കണ്ട ഏറ്റവും വലിയ സർക്കാർ സ്പോണ്‍സേഡ് പി ആർ അഭ്യാസം കൂടിയാകും ഈ യാത്ര. ജനങ്ങളെ കേൾക്കുന്ന നേരിൽ കണ്ട് പരാതി സ്വകരിക്കുന്ന ഈ പരിപാടി ഉമ്മൻചാണ്ടി സർക്കാർ കാലത്തെ ജനസമ്പർക്കത്തിന്‍റെ കോപ്പിയടി അല്ലേ എന്ന് ചോദിച്ചാൽ അത് വേ ഇത് റേ എന്നാണ് സർക്കാരിന്‍റെ മറുപടി.