Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തും: വി ശിവൻകുട്ടി

കൊല്ലം: അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. മാനുവൽ പരിഷ്കരണത്തിൽ അത് ഉൾപ്പെടുത്തും. കോടതികളിൽ നിന്ന് അനിയന്ത്രിതമായി അപ്പീലുകൾ അനുവദിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം കലോത്സവ മത്സര ഇനത്തിൽ ഗോത്രകലകളെക്കൂടി ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മഴ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ഇത് വേദികളെ ബാധിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

62 -ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ നിരവധി മത്സരാർഥികള്‍ അപ്പീലില്‍ മത്സരിക്കാന്‍ എത്തിയിരുന്നു. ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങൾ അവസാനിച്ചത്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകി. വേദി നാലിൽ ഇന്നലെ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോൽക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലർച്ചെ രണ്ട് മണിവരെ നീണ്ടു.

ആദ്യദിനത്തിലെ മത്സരഫലങ്ങള്‍ പുറത്തു വരുമ്പോള്‍ 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. വേദി ഒന്നിൽ മോഹിനിയാട്ടത്തോടെ രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിച്ചു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് വിവിധ വേദികളിൽ അരങ്ങേറും.

Leave A Reply

Your email address will not be published.