തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നടത്തുന്ന നവകേരള സദസിന് ഇന്ന് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് തുടക്കം. വൈകിട്ട് 3.30ന് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.പൈവളിഗെ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജർമന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസർഗോഡിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും.