ന്യൂഡൽഹി: മരങ്ങളിൽ നിന്ന് ഹോളർ (ഒച്ചയുണ്ടാക്കുന്ന) കുരങ്ങുകൾ ചത്തുവീഴുന്ന അതിദാരുണമായ ദൃശ്യങ്ങളാണ് മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. എന്താണ് ദക്ഷിണ മെക്സിക്കോയിൽ സംഭവിക്കുന്നത്. കൂട്ടത്തോടെ കുരങ്ങുകൾ ചത്തുവീഴാനുള്ള സാഹചര്യം എന്താണ്?കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ കനത്ത ചൂടാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മേഖലയിൽ അസാധാരണമായ താപനിലയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്തെ വന്യജീവി സമ്പത്തിനെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഈ സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത്.വളരെ വ്യത്യസ്തമായ രീതിയിൽ ശബ്ദമുണ്ടാക്കുന്ന കാര്യത്തിൽ പ്രശസ്തരാണ് താരതമ്യേനെ വലുപ്പം കുറഞ്ഞ ഈ ഹോളർ കുരങ്ങുകൾ. രാവിലെയും വെെകുന്നേരവുമാണ് സാധാരണയായി ഇവ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുക. ഒരു കൂട്ടം ആദ്യം ശബ്ദമുണ്ടാക്കുമ്പോൾ മറ്റൊരു കൂട്ടം മറുപടിയായി ശബ്ദമുണ്ടാക്കുന്ന രീതിയാണുള്ളത്.കനത്ത ചൂടും അത് കാരണമുണ്ടാകുന്ന നിർജ്ജലീകരണവുമാണ് കുരങ്ങുകളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി മാറുന്നത്. നിരവധി കുരങ്ങുകൾ ഇതിനകം ചത്തുവീണതായി എബിസി റിപ്പോർട്ട് ചെയ്യുന്നു. കുരങ്ങുകൾ ചൂട് സഹിക്കാനാകാതെ ചത്തുവീഴുന്ന കാഴ്ച്ച കണ്ട് ഏറെ സങ്കടത്തിലാണ് ഇവിടെയുള്ള പ്രാദേശികവാസികളും വിദഗ്ദരുമെല്ലാം.