ന്യൂഡൽഹി: രക്തസാക്ഷികളുടെ മണ്ണാണ് കേരളമെന്ന് നരേന്ദ്ര മോദി. അവിടെ നിന്നും ഒരാളെ ഇക്കുറി ലോക്സഭയിലേക്ക് ലഭിച്ചു. ഇത് പാർട്ടിക്കായി ജീവൻ ബലി നൽകിയവർക്കുള്ള സമർപ്പണമാണ്. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസ്സങ്ങൾക്ക് ഇടയിലും ശ്രമം നടത്തി ഒടുവിൽ വിജയം നേടിയെന്ന് മോദി പറഞ്ഞു.മൂന്നാം മോദി സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത യോഗത്തിലാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം മോദി പരാമർശിച്ചത്. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പ്രതികരണം. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെയാണ് നരേന്ദ്ര മോദി തൃശൂരിലെ വിജയം പരാമർശിച്ചത്. ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് മോദിയുടെ പേര് നിർദേശിച്ചത്.