ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും താഴേക്ക്. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തണുപ്പ് വർദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കൂടാതെ, ഡൽഹിയിലെയും മധ്യപ്രദേശിലെയും ചില സ്ഥലങ്ങളിൽ ശൈത്യം രൂക്ഷമാകാൻ സാധ്യതയുണ്ട്. ജനുവരി 9 വരെയാണ് അതിശൈത്യം തുടരുക. നാളെ പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിലും അതിശൈത്യം തുടരും.
താപനില കുറഞ്ഞതിനാൽ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മേഘാലയ, ആസാം എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് രൂക്ഷമാകാൻ സാധ്യതയുണ്ട്. അതേസമയം, അതിശൈത്യവും മൂടൽമഞ്ഞും ഒരുമിച്ച് എത്തിയതോടെ ഡൽഹിയിലെ വായു മലിനീകരണം ഉയർന്നിട്ടുണ്ട്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഡൽഹി അടക്കമുള്ള പല നഗരങ്ങളിലും മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി 50 മീറ്ററിൽ താഴെ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.