Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി നടപടി; കോളേജിലെ അക്രമ സംഭവത്തിന് പിന്നാലെ

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

മഹാരാജാസ് കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. ഭാവിയില്‍ ഇത്തരം സംഘര്‍ഷ സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും പെട്ടെന്ന് കോളജ് തുറന്നു പ്രവര്‍ത്തിപ്പിക്കും. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ക്രമീകരണം ഒരുക്കിയതായും മന്ത്രി അറിയിച്ചു.

ബുധനാഴ്ച രാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിലാണ് എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറിയായ. ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് മഞ്ചേശ്വരം അങ്ങാടിമുഗര്‍ പറളദം വീട്ടില്‍ പി.എ. അബ്ദുല്‍ നാസറി (21) ന് കുത്തേറ്റത്. വയറിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ അബ്ദുല്‍ നാസര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

Leave A Reply

Your email address will not be published.