Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ജയപ്രദയുടെ തടവ് ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി; 20 ലക്ഷം കെട്ടിവച്ചാൽ ജാമ്യം

നടിയും മുൻ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ ശരി വെച്ച് മദ്രാസ് ഹൈക്കോടതി. ജയപ്രദയുടെ ഉടമസ്ഥതയിൽ ചെന്നൈയിൽ പ്രവർത്തിച്ചിരുന്ന തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.36 ലക്ഷം രൂപയുടെ ഇഎസ്ഐ കുടിശികയുണ്ടെന്ന് ബോർഡ് ചെന്നൈ എഗ്മോർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജയപ്രദക്കും മൂന്ന് ബിസിനസ് പങ്കാളികൾക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ നടി നൽകിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം ചെന്നൈ എഗ്മോർ കോടതിയിൽ നേരിട്ട് ഹാജരായി കുറഞ്ഞത് 20 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് രാഷ്‍ട്രീയ ലോക് മഞ്ചിലും ആര്‍എല്‍ഡിയിലും ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2019ല്‍ ജയപ്രദ ബിജെപിയില്‍ ചേർന്നു.

Leave A Reply

Your email address will not be published.