ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം ലിറ്റിൽ ഹാർട്സ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനാവില്ല. ചിത്രത്തിന് ഗൾഫിൽ വിലക്കേർപ്പെടുത്തിയ കാര്യം നിർമാതാവ് സാന്ദ്ര തോമസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിഗൂഢത പുറത്തുവരാനുണ്ടെന്നും കാത്തിരിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.ലോകമെമ്പാടും ചിത്രം പ്രദർശിപ്പിക്കണമെന്ന തന്റെ ആഗ്രഹത്തിനേറ്റ മുറിവാണിതെന്ന് പറഞ്ഞാണ് സാന്ദ്രതോമസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിന് വിലക്കേർപ്പെടുത്തിയ കാര്യം വ്യക്തമാക്കിയത്. തങ്ങൾ ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് ‘ലിറ്റിൽ ഹാർട്ട്സ്. നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ലെന്നും ഒരു നിഗൂഢത പുറത്ത് വരാനുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാബു രാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, എയ്മ റോസ്മി, മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത് . മറ്റിടങ്ങളിൽ ചിത്രം നാളെ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രചാരണാർഥം കഴിഞ്ഞ ആഴ്ച സാന്ദ്ര തോമസും അഭിനേതാക്കളായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും ദുബായിൽ എത്തിയിരുന്നു. അതേസമയം ചിത്രത്തിൽ എൽജിബിടിക്യു വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് സൂചന.