കൊല്ലം: വീടുകൾക്ക് മുകളിലൂടെ അപകട ഭീഷണിയായി കടന്നു പോകുന്ന 11 കെ വി
വൈദ്യുതി ലൈൻ മാറ്റണമെങ്കിൽ 10 കുടുംബംഗങ്ങൾ നൽകേണ്ടത് 12,18,099 രൂപ.
നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് കിട്ടിയ മറുപടിയിൽ
പ്രതിസന്ധിയിലായിരിക്കുകയാണ് കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ.
ജീവന് ഭീഷണിയായ വൈദ്യുതി ലൈൻ കാരണം പലരും സ്ഥലം ഉപേക്ഷിച്ച് പോയി.
വീടിനോട് തൊട്ട് തൊട്ടില്ല എന്ന നിലയിലാണ് 11 കെ.വി.ലൈൻ കടന്നുപോകുന്നത്.
വീട് പുതുക്കിപ്പണിയാനോ സ്ഥലം കൈമാറ്റം ചെയ്യാനോ പോലുമാകാത്ത
സ്ഥിതിയാണ്. നാട്ടുകാരായ 41 പേർ ഒപ്പിട്ട ഹർജി സഹിതം നവകേരള സദസിൽ
പരാതി നൽകി. അഞ്ചു പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനുമായി
12,18,099 രൂപയാണ് മൈനാഗപ്പള്ളി കെ എസ് ഇ ബി സെക്ഷൻ ആവശ്യപ്പെട്ടത്.
അരനൂറ്റാണ്ടായി ദുരിതത്തിലാണ് ഈ കുടുംബങ്ങൾ. റോഡിന്റെ വശത്തുകൂടി
നിലവിലെ 11 കെ വി ലൈനുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
പക്ഷേ അതിനുള്ള ചെലവ് ഭൂവുടമകൾ വഹിക്കണമെന്നാണ് കെ എസ് ഇ ബി നിലപാട്.
ഇതോടെ നിർധന കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. നിത്യവൃത്തിയ്ക്ക്
പോലും ബുദ്ധിമുട്ടുന്ന നിർധന കുടുംബങ്ങളോടാണ് കെ എസ് ഇ ബി ഭീമൻ തുക
ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും നടപടിയാകാത്ത
സ്ഥിതിയ്ക്ക് ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്.