Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ഗവർണർക്ക് കനത്ത സുരക്ഷയൊരുക്കും

തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താൽ സമാധാനപരമായിരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു.തൊടുപുഴയിൽ രാവിലെ 11 മണിക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടി. പ്രതിഷേധങ്ങൾക്കിടെ ഗവർണർ രാവിലെ തന്നെ തൊടുപുഴയിലെത്തും. ബില്ലില്‍ ഒപ്പിടാത്തതിന് കാരണം സര്‍ക്കാര്‍ ആണെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത് എല്‍ഡിഎഫിനെ പ്രകോപിപ്പിട്ടുണ്ട്. പരമാവധി പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് സമിതി ആലോചിക്കുന്നത്. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗവർണർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.