കൊച്ചി: കളമശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യ്ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികളുടെ നിര്യാണത്തെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ടെക് ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഗാനസന്ധ്യയ്ക്കിടെയാണ് അപകടമുണ്ടായത്. ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. ഗാനസന്ധ്യയ്ക്കിടെ പെയ്ത മഴയെ തുടർന്ന് ഓഡിറ്റോറിയത്തിനു പുറത്തുനിന്നവർ അകത്തേക്ക് ഇരച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് നാലുപേർ ആശുപത്രിയിൽ എത്തും മുൻപേ മരണപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി (21), നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത (21), താമരശേരി സ്വദേശി സാറാ തോമസ് (20), പുറത്തുനിന്ന് എത്തിയ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. വിദ്യാർഥികളുടെ മൃതദേഹം പൊതുദർശത്തിനായി കുസാറ്റ് ക്യാംപസിൽ എത്തിച്ചു. ആൽബിൻ്റെ മൃതദേഹം വൈകാതെ പാലക്കാട്ടേക്ക് എത്തിക്കും.