തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ കനകക്കുന്നിനു മുൻപിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചാണ് പ്രതിഷേധം. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻറ് യദുകൃഷ്ണന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്യു ആരോപിച്ചിരുന്നു. വോട്ടെണ്ണലിൽ ഫലം അട്ടിമറിക്കാൻ മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്യു പരിഹസിച്ചു. റിട്ടേണിങ് ഓഫീസറായ അധ്യാപകൻ എസ്എഫ്ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആർഷോ കാണിച്ച ടാബുലേഷൻ ഷീറ്റ് അവർ ഉണ്ടാക്കിയതാണെന്നും കെ എസ് യു ആരോപിച്ചു.