Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മറ്റൊരു സുവർണ നേട്ടത്തിൽ കൊച്ചി വിമാനത്താവളം; ഇനി മരുന്നും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

തിരുവനന്തപുരം: കൊച്ചി ഇൻ്റർനാഷണൽ വിമാനത്താവളത്തിന് മറ്റൊരു നേട്ടം കൂടി. മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ കേന്ദ്രം അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ.1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചിവഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് നിന്നുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ, കപ്പൽ മാർഗമോ കേരളത്തിന്‌ പുറത്തുള്ള മറ്റ് വിമാനത്താവളങ്ങൾ മുഖാന്തരമോ ആണ് ഇതുവരെ എത്തിച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകും.2023 – 2024 വർഷത്തിൽ സിയാൽ 63, 642 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്. ഇതിൽ 44, 000 ടൺ രാജ്യാന്തര കാർഗോയാണ്. കഴിഞ്ഞ 25 വർഷമായി, സിയാൽ ഡ്യൂട്ടി -ഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗന്ദര്യവർദ്ധക വസ്തുക്കൾ കപ്പൽ മാർഗമാണ് ലഭ്യമാക്കിയിരുന്നത്. ഈ സാഹചര്യമാണ് ഇപ്പോൾ മാറുന്നത്. ഇത്തരം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിയാൽ അധികൃതർ സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് ഈ അനുമതി ലഭിച്ചത്.

Leave A Reply

Your email address will not be published.