കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ കായംകുളം ജലോത്സവം ഇന്നും നാളെയും ആയി കായംകുളം കായലിൽ നടക്കും. . വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തുഴ എറിയുന്നതിന്റെ ആവേശം ഉൾക്കൊള്ളാൻ ആയിരങ്ങളാകും നഗരത്തിലേക്ക് ഒഴുകി എത്തുക.വേഗപ്പോരിന്റെ ആവേശക്കാഴ്ചകളൊരുക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ ഒൻപത് ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടൻ, കൈനകരി യുബിസിയുടെ നടുഭാഗം, പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ, കുമരകം എൻസിഡിസിയുടെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, പുന്നമട ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, കുമരകം കെബിസി ആന്റ് എസ്എഫ്ബിസിയുടെ പായിപ്പാട്, നിരണം ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ്, വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സര വള്ളംകളിയിൽ അണിനിരക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവുമായാണ് വള്ളംകളിയുടെ അരങ്ങ് ഉണരുന്നത്. വൈകിട്ട് നാലിന് കെപിഎസി ജങ്ഷനിൽനിന്ന് സാംസ്കാരിക ഘോഷയാത്ര തുടങ്ങും. 6:30നാണ് സാംസ്കാരിക സമ്മേളനം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7:30 മുതൽ സൂപ്പർ മെഗാ ഷോ അരങ്ങേറും.നാളെ ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സര വള്ളംകളി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കളക്ടർ ജോൺ വി സാമുവൽ പതാക ഉയർത്തും. അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെജി രാജേശ്വരി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ. എഎം ആരിഫ് എംപി സമ്മാനദാനം നിർവഹിക്കും